തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള റോഡുകളിലൂടെ നടുവൊടിച്ച് യാത്ര ചെയ്യേണ്ടി വരുന്നവർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ സ്ഥാപിച്ച് പാലങ്ങൾ ഒക്കെ ദീപാലംകൃതമാക്കുന്ന പ്രവർത്തനം സംസ്ഥാന വ്യാപകമാക്കുമെന്നാണ്പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ പാലത്തിൽ സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പും തിരുവനന്തപുരം കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും സംയുക്തമായി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനം പൂർത്തീകരിച്ചത്. കേരളത്തിൽ രണ്ട് പാലങ്ങൾ നിലവിൽ ദീപാലംകൃതമാക്കിയിട്ടുണ്ട്. ഫറോഖ് പഴയ പാലം ദീപാലംകൃതമാക്കിയതിനെ തുടർന്ന് അതൊരു ടൂറിസ്റ്റ് കേന്ദ്രവുമായി മാറി. ഇത്തരത്തിൽ തിരുവനന്തപുരം നഗരത്തിലും സംസ്ഥാന വ്യാപകമായും പാലങ്ങൾ ദീപാലംകൃതമാക്കുന്ന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ സ്വിച്ച് ഓൺ ചടങ്ങിൽ പങ്കെടുത്തു.കേരളത്തിലെ എല്ലാ പാലങ്ങളും കലുങ്കുകളും ദീപങ്ങളാൽ അലങ്കരിക്കുന്ന പക്ഷം റോഡ് യാത്രയൊക്കെ നിർത്തി ജനങ്ങൾക്ക് ആഘോഷമായി പാലങ്ങളിൽ തന്നെ കഴിയാൻ സാധിക്കുമെന്ന പ്രഖ്യാപനം ഉടൻ വരുമെന്ന് പ്രതീക്ഷിക്കാം.
Muhammad Riaz's dream is Kerala with its illuminated bridges!